أخبار عاجلة
كثافات مرورية بمحور النصر.. تعرف على السبب -
بسبب القدس..أردوغان ونتنياهو يتبادلان الاتهامات -
شباب الفراعنة يواجه جنوب أفريقيا عصر اليوم -
ضبط عاطل يروع أهالي كوم أمبو ببندقية خرطوش -

വിട പറഞ്ഞു, ഇന്ത്യൻ സിനിമയുടെ ശശിദാദ 

ഖാൻമാർ ആധിപത്യമുറപ്പിക്കും മുൻപു കപൂർ കുടുംബത്തിന്റെ പ്രഭാവത്തിൽ മുങ്ങിയ കാലമുണ്ടായിരുന്നു ഇന്ത്യൻ സിനിമയ്‌ക്ക്. നാടക തിയറ്ററുമായി രാജ്യമൊട്ടാകെ സഞ്ചരിച്ച പൃഥ്വിരാജ് കപൂറും മക്കളായ രാജ് കപൂറും ഷമ്മി കപൂറും ശശി കപൂറും അടക്കിവാണ ഹിന്ദി സിനിമയുടെ യുഗം. ആ അഭിനയ സാമ്രാജ്യത്തിലേക്ക് ഇന്ത്യൻ സിനിമയിലെ പരമോന്നത ബഹുമതിയായ ദാദാ സാഹേബ് ഫാൽക്കെ പുരസ്‌കാരം മൂന്നാം വട്ടവും കടന്നുവന്നപ്പോൾ അത് മറ്റൊരു ഉജ്വലമുഹൂർത്തമാവുകയായിരുന്നു. ശശികപൂറിന്റെ അഭിനയത്തികവിനും സംവിധാന മികവിനും നിർമാണ സംരംഭങ്ങൾക്കുമുള്ള അംഗീകാരമായി അത്. പൃഥ്വിരാജ് കപൂറിനും രാജ് കപൂറിനും നേരത്തേ ഈ പുരസ്‌കാരം ലഭിച്ചിരുന്നു.

ഇന്ത്യൻ സിനിമയിലെ എക്കാലത്തെയും മികച്ച പ്രണയനായകരിൽ ഒരാളാണു ശശി കപൂർ. പിതാവിനെക്കാളും സഹോദരന്മാരെക്കാളും സിനിമയിൽ കൂടുതൽ അവസരങ്ങൾ ലഭിച്ച ശശി കപൂറിന്റെ കാലഘട്ടം കടുത്ത മൽസരത്തിന്റേതായിരുന്നു. തൊട്ടതെല്ലാം പൊന്നാക്കിയ രാജേഷ് ഖന്ന നായകനായി നിറഞ്ഞുനിന്ന കാലം. ക്ഷുഭിത യൗവനത്തിന്റെ പ്രതീകമായി അമിതാഭ് ബച്ചൻ ഉദിച്ചുയർന്ന സമയം. ധർമേന്ദ്ര, വിനോദ് ഖന്ന, ജിതേന്ദ്ര തുടങ്ങിയവരും അക്കാലത്തു ബോളിവുഡ് താരനിരയിൽ ഇടം നേടി. സുമുഖനായ നായകൻ ബോളിവുഡിൽ ആദ്യമായിരുന്നില്ലെങ്കിലും ശശികപൂറിന്റെ സൗന്ദര്യത്തിനു നിഷ്‌കളങ്കതയുടെ പരിവേഷമുണ്ടായിരുന്നു. വശ്യമായ ചിരിയും മനോഹരമായ സംഭാഷണരീതിയും ഹരം കൊള്ളിക്കുന്ന ശരീരഭാഷയും ശശികപൂറിനെ വ്യത്യസ്‌തനാക്കി.

വികാരനിർഭര രംഗങ്ങളിൽ കണ്ണുകൾ ചുവന്ന്, മുഖം തുടുത്ത്, കൺതടത്തിലെ നീല ഞരമ്പുകൾ തുടിച്ചുള്ള ഭാവം കാണേണ്ടതു തന്നെ. ഗാനരംഗങ്ങളുടെ ചടുലതയിൽ ഷമ്മി കപൂറിന്റെ സഹോദരൻ തന്നെ ശശി കപൂറും. ബഹുനായക ചിത്രങ്ങളിൽ മൽസരിച്ചഭിനയിക്കുമ്പോൾ സഹതാരങ്ങളേക്കാൾ ഒരു ചുവടു മുന്നിലായിരുന്നു അദ്ദേഹത്തിന്റെ സ്‌ഥാനം.

1938 മാർച്ച് 18നു ജനിച്ച ശശി കപൂർ നാലാം വയസ്സിൽത്തന്നെ വെള്ളിത്തിരയിലെത്തി. 1961ൽ യാഷ് ചോപ്രയുടെ ധർമപുത്രയിൽ അഭിനയിച്ചുകൊണ്ടാണു ഹിന്ദി സിനിമയിലേക്കു നായകനായുള്ള രംഗപ്രവേശം. തുടർന്നു ജനപ്രിയ സിനിമകൾക്കൊപ്പം ആർട്ട് സിനിമകളിലും ഇന്ത്യൻ ഇംഗ്ലിഷ് സിനിമകളിലും അഭിനയിച്ചു തന്റെ പ്രതിഭ തെളിയിച്ചു. ബോളിവുഡിനൊപ്പം ബ്രിട്ടനിലും അമേരിക്കയിലുമെത്തി അവിടത്തെ സിനിമകളിലും പ്രവർത്തിച്ചു. സോവിയറ്റ് സംരംഭമായ ‘അജൂബാ’ സംവിധാനം ചെയ്‌തു. പലവട്ടം ഫിലിം ഫെയർ അവാർഡുകൾ ലഭിച്ചെങ്കിലും രാജ്യം അദ്ദേഹത്തിന്റെ കഴിവുകൾ അംഗീകരിച്ചത് ഏറെ വൈകിയാണ്.

ഷർമിള ടഗോർ, സീനത്ത് അമൻ, രാഖി, ഹേമമാലിനി, നന്ദ എന്നിവർക്കൊപ്പം അദ്ദേഹം അഭിനയിച്ച ചിത്രങ്ങൾ ഹിന്ദി സിനിമയിലെ എക്കാലത്തെയും അനശ്വര പ്രണയചിത്രങ്ങളാണ്. ഹിന്ദിയിൽ 116 ചിത്രങ്ങൾ അഭിനയിച്ച ശശി കപൂർ 61ലും നായകനായിരുന്നു. 55 ബഹുനായക ചിത്രങ്ങളിലും പ്രധാന വേഷത്തിലെത്തി. 12 ഇംഗ്ലിഷ് ചിത്രങ്ങൾ അഭിനയിച്ചതിൽ എട്ടിലും നായകവേഷത്തിൽ. ഹസീന മാൻ ജായേഗി, ശങ്കർ ദാദ എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങളിൽ ഇരട്ടവേഷത്തിലും അഭിനയിച്ചു. ശങ്കർ ദാദായിലെ നൃത്തരംഗത്തെ സ്‌ത്രീവേഷത്തിന്റെ സൗന്ദര്യം എടുത്തു പറയേണ്ടതാണ്. അമിതാഭ് ബച്ചനൊപ്പം 11 ചിത്രങ്ങളിൽ അഭിനയിച്ചെങ്കിലും ദീവാർ, ത്രിശൂൽ, സുഹാഗ്, നമക് ഹലാൽ എന്നിവ മാത്രമേ സൂപ്പർ ഹിറ്റ് പട്ടികയിൽ കടന്നുകൂടിയുള്ളൂ. ഷാനും കാലാ പത്തറും സിൽസിലയുമെല്ലാം ബോക്‌സ് ഓഫിസിൽപരാജയമായി.

ഏകനായക ചിത്രങ്ങളിൽ ഉറച്ചുനിൽക്കാനുള്ള ശ്രമം തുടർച്ചയായ പരാജയങ്ങളെത്തുടർന്നു ശശി കപൂർ ഉപേക്ഷിക്കുകയായിരുന്നു. ഒരുവശത്ത് രാജേഷ് ഖന്ന ഒറ്റയ്‌ക്കു ഹിറ്റുകൾ കൊയ്‌തെടുത്തപ്പോൾ മൾട്ടിസ്‌റ്റാർ ചിത്രങ്ങളുടെ ചട്ടക്കൂടിലേക്കു തന്നെ പരുവപ്പെടുത്താൻ ശശികപൂർ സന്നദ്ധനായി. നായകനായി അഭിനയിച്ച 61 ചിത്രങ്ങളിൽ 33 എണ്ണം മാത്രം സൂപ്പർഹിറ്റായപ്പോൾ 54 ബഹുനായക ചിത്രങ്ങളിൽ 34ഉം സൂപ്പർഹിറ്റായി. ബോക്‌സ് ഓഫിസ് കണക്കുകളിൽ പിന്തള്ളപ്പെട്ടെങ്കിലും ശശി കപൂറിന്റെ മികച്ച ചിത്രങ്ങളിലൊന്നായാണു ‘സത്യം ശിവം സുന്ദരം’ ആരാധകർ കണക്കാക്കുന്നത്.

1984ൽ പുറത്തിറങ്ങിയ ഉത്സവ് ശശികപൂറിന്റെ അഭിനയജീവിതത്തിലെ പ്രധാന നാഴികക്കല്ലാണ്. ഒരുപക്ഷേ, ഒരേയൊരു വില്ലൻ കഥാപാത്രം. വിടനും ദുഷ്‌ടനുമായ ഭരണാധികാരി സംസ്‌ഥാനകന്റെ വേഷമായിരുന്നു അതിൽ. ശൂദ്രകന്റെ മൃച്‌ഛകടികം എന്ന കൃതിയെ ആസ്‌പദമാക്കി നിർമിച്ച ചിത്രത്തിൽ അദ്ദേഹത്തോടൊപ്പം രേഖ, ശേഖർ സുമൻ, അംജദ് ഖാൻ, നീനാ ഗുപ്‌ത, പ്രാൺ എന്നിവരും വേഷമിട്ടു.ഷേക്‌സ്‌പിയർ നാടകങ്ങളുമായി നാടുചുറ്റുന്ന കാലത്ത് ഇംഗ്ലിഷ് തിയറ്ററിലെ നടിയും മാനേജരുമായിരുന്ന ജന്നിഫറിനെ വിവാഹം കഴിച്ചു. 1984ൽ കാൻസർ ബാധിച്ച് അവർ മരിച്ചു. സിനിമാരംഗത്തും പരസ്യരംഗത്തും പ്രശസ്‌തരായ മൂന്നു മക്കൾ. കുനാൽ കപൂർ, കരൺ കപൂർ, സഞ്‌ജന കപൂർ.

 
DMCA.com Protection Status